കവിതയിലെ പുതിയ മുഴക്കത്തെക്കുറിച്ച് പലരും പറഞ്ഞുകഴിഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു പുതിയമുഴക്കം എന്ന് പറയണമെങ്കില്‍ എന്തായിരുന്നിരിക്കണം നിലനിന്നിരുന്ന ആ പഴയ മുഴക്കം? ആ പഴമയും, ഈ പുതുമയും തമ്മില്‍ എത്രമാത്രം വ്യതിയാനം സംഭവിച്ചിട്ടുണ്ട്.ഇതൊന്നും തന്നെ അന്വേഷണവിധേയമാക്കാതെ വെറും പുതിയ മുഴക്കത്തില്‍ തന്നെ ചര്‍ച്ച തുടരുന്നത് ഞാന്‍ പിടിച്ച മുയലിന് നാല്കൊമ്പ് എന്ന് പറയുന്നത് പോലെ മാത്രമെ എനിക്ക് തോന്നിയിട്ടുള്ളൂ. ഉത്തരാധുനികതയെ ഒന്ന് തൊടാതെ/തലോടാതെ പുതുകവിതയെക്കുറിച്ച് സംസാരിക്കുന്നത് വെറും വിടുവായത്തമാണ്. കവിത ഒരിക്കലും ഒരു അവസാനവാക്കല്ല. അത് എന്തിന്റെയൊക്കെയോ തേടലുകളാണ് ഒരോരുത്തര്‍ക്കും. ഓരോ നല്ല കവിതയും ഓരോ മൗലീകമായ പരീക്ഷണമാണ്, സ്വന്തം അനുഭൂതിയുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നു പോകാതെ ഭാഷയില്‍ആവാഹിച്ചെടുക്കാനുള്ള ഒരന്വേഷണം എന്ന് സച്ചിദാനന്ദന്‍ പറഞ്ഞിട്ടുണ്ട്. നവ്യമായ അഭിരുചികളുടെ വാചാടോപങ്ങളില്‍ ആരായല്‍ നടത്തുകയായിരുന്ന കവിത പിന്നീട് വാക്കുകളാല്‍ കുഴഞ്ഞുകിടക്കുന്ന ഒരു ചെളിക്കൂനയായി മാറിയത് കാലത്തിന്റെ ദിശതെറ്റിയ ഏതോ കുത്തൊഴുക്കിലായിരിക്കണം.
കെ.സച്ചിദാനന്ദന്‍ |
എവിടെയാണ് പുതുകവിതയ്ക്ക് വഴി തെറ്റിയത്. അവിടെ നിന്ന് ഞാന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഇത് ഞാന്‍ പറയുമ്പോള്‍ പലരിലും മുഷിപ്പ് അനുഭവപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാവാന്‍ വീട്ടുകാര്‍ ആഗ്രഹിക്കില്ലല്ലോ. വികാരമാണ് സഹൃദയന്റെ മനസിനെ കീഴ്പ്പെടുത്തുന്നത് എന്ന സത്യം മറന്നിടത്തു നിന്നാണ് പുതുകവിത വഴിതെറ്റാന്‍ ആരംഭിക്കുന്നത്.
വികാരത്തിലൂടെ കടന്നുവന്ന കവിത ആധുനികതയില്‍ ബൗദ്ധീകതയ്ക്ക് പ്രാമുഖ്യം നല്‍കി കടന്നുവന്നപ്പോള്‍ ഉത്തരാധുനികതയില്‍ പ്രമേയവത്കരണത്തിലൂടെ മറ്റൊരു തലത്തിലേക്ക് മാറ്റപ്പെടുകയാണ് ചെയ്തത്. അന്ന് നിലനിന്നിരുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ ആവശ്യകത തന്നെയായിരുന്നു ആ പരിണാമം. എന്നാല്‍,ഈ കാലഘട്ടത്തില്‍ ബൗദ്ധീകതയ്ക്കെതിരായി അതായത് ഇണങ്ങിയും പിണങ്ങിയും എന്ന് വേണമെങ്കില്‍ പറയാം, ഒരു കൂട്ടര്‍ എഴുതിത്തുടങ്ങി. ആ പോരാട്ടത്തിന്റെ ചൂടിലും ചൂരിലും തളരാതെ, അകന്നിണങ്ങിയാണ് പുതുകവിതയുടെ രംഗപ്രവേശം. അക്കാലത്ത് പുതുകവിത ഉത്തരാധുനികതയ്ക്ക് സമാന്തരമായ പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്.
ബൗദ്ധീകവിമുക്തമായി വന്ന ഉത്തരാധുനികതയില്‍ നിന്ന് അവതരിച്ച ഈ പുതുകവിത കാലത്തില്‍ നിന്ന് അകന്ന് മാറിയില്ലെങ്കിലും കാവ്യാസ്വാദകരില്‍ നിന്ന് പതിയെ അകലുകയായിരുന്നു. ആന്തരീക-ബാഹ്യ, വാക്-കാല്പനിക സൗന്ദര്യവും, ഇടപെടാന്‍ മടിക്കാത്ത ആശയാവിഷ്കാരങ്ങളും സക്ഷ്യപ്പെടുത്തുന്ന ഈ കവിതാപ്രസ്ഥാനം തീര്‍ത്തും തിരസ്കരിക്കുന്നത് ആധുനികകവിതകളെയാണ് എന്നതാണ് വസ്തുത. മുതലാളിത്തമൂല്യ തിരസ്കരണങ്ങളിലൂടെ, രാഷ്ട്രീയജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രകമ്പനങ്ങളിലൂടെ കടന്നുവന്ന ആധുനികകവിതയോടും, തനിക്ക് ജന്മം തന്ന ഉത്തരാധുനികകവിതയോടും അവനവന്‍ പ്രസ്ഥാനമായി മാറിക്കഴിഞ്ഞ പുതുകവിത ഇന്ന് തിണ്ണമിടുക്ക് കാട്ടിക്കൊണ്ട് കോലായില്‍ കിടക്കുകയാണ്.
.എന്താണ് പുതുകവിത
യാതൊരുവിധ ചിന്താഘടനയുടേയും സംഭാവനയായി പുതുകവിതയെ നമുക്ക് വാഴ്ത്താനാവില്ല. ആധുനികത്യ്ക്കും ഉത്തരാധുനികതയ്ക്കും നല്‍കിയ പോലെ പല പല നിര്‍വ്വചനങ്ങളും ആരും പുതുകവിതയ്ക്ക് നല്‍കിയിട്ടില്ല. കവിതയുടെ ബഹിര്‍സ്വരത എന്ന അംശത്തെപ്പോലും വെല്ലുവിളിച്ച് കടിഞ്ഞാണില്ലാതെ പായുന്ന ഒരു കുതിര എന്ന് വേണമെങ്കില്‍ പുതുകവിതയെ നമുക്ക് വിശേഷിപ്പിക്കാന്‍ കഴിയും. പഴയ വാക്കുകളിലൂടെയും രൂപഘടനാന്തര വാദഗതിയിലൂടെയും നമുക്ക് എല്ലാം ചിത്രീകരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്ക്കൊണ്ട്പുതിയവയുടെ പരിണാമപരമായ ശക്തി കൈവരിച്ചുകൊണ്ട് കടന്നുവന്ന ഒരു പ്രസ്ഥാനമാണ് പുതുകവിത എന്ന് വേണമെങ്കില്‍ വാദിക്കാവുന്നതാണ്. അങ്ങിനെ വാദിക്കുമ്പോള്‍ എഴുത്തുകാരന്റെ മുന്നില്‍ ആദ്യത്തേക്കാള്‍ തീവ്രമായ രീതിയില്‍ ഉയര്‍ന്നു വരുന്ന ഒരു പ്രശ്നം 'പുതിയ ഭാഷ' എന്നതാണ്. ആ ഭാഷ പ്രയോഗിക്കുക എന്നതാണ്. അവിടെയാണ് പുതുകവിതക്കൂട്ടത്തിലെ ഒരു എഴുത്തുകാരന്‍ പുതിയ അന്വേഷണം നടത്തേണ്ടത്. ഇതൊരിക്കലും ഒരു ഭരണമാറ്റമോ, ഭരണം കയ്യാളലോ ആവരുത്. പഴമയോടുള്ള നിഷേധവും, ആ പാതയോടുള്ള എതിര്‍പ്പും വഴിവെക്കുന്ന സൃഷ്ടിപരമായ പുതിയൊരു വഴക്കമായിരിക്കണം.
ഉത്തരാധുനികതയില്‍ എന്തായിരുന്നു കവിതയിലെ വരികള്‍, ഇന്നെന്താണ് അവ കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും നോക്കിയിട്ടുണ്ടോ? അത് നോക്കേണ്ട ആവശ്യമില്ലെന്നും,സ്വയംപര്യാപ് തമാണ് പുതുകവിതയെന്നും അവകാശപ്പെടുന്ന ചിലരെങ്കിലുമുണ്ട്. അതവരുടെ അറിവില്ലായ്മയായി കണക്കാക്കാം. അക്ഷരങ്ങള്‍ക്കും, വാക്കുകള്‍ക്കും അതിലൂടെ പിറക്കുന്ന വരികള്‍ക്കും വര്‍ണ്ണത്തിന്റെ ബോധചമത്കാരത്തില്‍ നിന്ന് മോചനമില്ലെന്ന് കരുതിയിരുന്ന
എഴുത്തുകാരന്‍/വായനക്കാരന്‍ അതിന്റെ വ്യാപ്തവും, സൂക്ഷ്മവുമായ സൗന്ദര്യം കണ്ടെത്തിയത് ഉത്തരാധുനികതയുടെ അന്ത്യനാളുകളിലാണ്, പുതുകവിമൊഴിയില്‍ പുതുകവിതയുടെ ആരംഭഘട്ടത്തില്‍. അവിടെ നിന്നും കടന്നുവന്ന പുതുകവിത ഈ നാളുകളില്‍ എത്തിനില്‍ക്കുന്നത് വാക്കുകളുടെ കുണുങ്ങിക്കളിക്കുന്ന ഒരു കൂട്ടത്തിലാണ്. ഇക്കാരണത്താല്‍ ഞാന്‍ പുതുകവിതയെ ഒറ്റ്യ്ക്ക് തന്നെയാണ് വായിക്കുന്നതും. ചുരുക്കം ചില കവിതകളെ ഒഴിച്ച്. എന്നാല്‍ മാറി ചിന്തിച്ച്
വന്ന ചില കവിതകള്‍, അവ അക്ഷരങ്ങള്‍ക്ക് വര്‍ണ്ണപ്പൊലിമ മാത്രമെ ഉള്ളൂ എന്ന കരുതല്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. ആ ഉപേക്ഷ ഇവിടെ മറ്റൊന്നിന്റെ തേടലിലേക്ക് വഴിമാറുകയായിരുന്നു.
.പുതുകവിത എന്ത് ചെയ്യുന്നു?
മരവിച്ച് കിടക്കുന്ന ജീവിതാവസ്ഥയോട് നിഷേധാത്മകമായി പെരുമാറാനും, ഉദാസീനതയെ ഉത്തരവാദിത്തത്തോട് കൂടി നേരിടാനുമാണ് പുതുകവിത ശ്രമിച്ച് വന്നിരുന്നത്. അതെല്ലാം ഞാന്‍ നേരത്തെ പറഞ്ഞ വഴിതെറ്റലില്‍ മാറിപ്പോയിരിക്കുന്നു എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാവൂ. ഇന്ന് പുതുകവിത കവിതയില്‍ വളര്‍ത്തുന്നത് ഒരു മിത്തിക്കല്‍ സംസ്കാരമാണ് എന്ന് തന്നെ വേണമെങ്കില്‍ പറയാം. ബിംബങ്ങളില്‍ നിന്ന് മിത്തിലേക്കാണ് മലയാളകവിതയുടെ ഇന്നുകള്‍ വളര്‍ന്നുപോകുന്നത്. ഇതിനെ പുതുമയാര്‍ന്ന ഒരു കാവ്യസംസ്കാരത്തിന്റെ വളര്‍ച്ചയായി ഒരുപക്ഷേ ചില കാവ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയേക്കാം.അപ്പോള്‍ നിങ്ങള്‍ ഒന്നോര്‍ക്കുക. ഒരു ഇന്ത്യന്‍ സംസ്കാരവും, പാശ്ചാത്യസംസ്കാരവും തമ്മില്‍ എന്തുമാത്രം അന്തരമുണ്ടെന്ന്.
അയ്യപ്പപ്പണിക്കര്‍ |
നിന്ന് പതഞ്ഞുവന്ന ഈ രീതി, പക്ഷേ പുതുകവിതയെ പുറകോട്ടടിക്കുകയാണ് ചെയ്യുന്നത്. മേല്‍പ്പറഞ്ഞ ഇത്തരം രീതികള്‍
തന്നെയായിരുന്നു 'കുരുക്ഷേത്ര'ത്തിലൂടെ അയ്യപ്പപ്പണിക്കര്‍ കൊണ്ടുവന്നതും. അന്ന് അദ്ദേഹം കൊണ്ടുവന്ന അപാരമായ സാധ്യത സാഹിത്യവിമര്‍ശകന്മാരെ എത്രമാത്രം ഉള്ളുതുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നുള്ളത് ഇത്തരക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കും. അന്ന് അയ്യപ്പപ്പണിക്കര്‍ മുതല്‍ സച്ചിദാനന്ദന്‍ വരെയുള്ള കവികള്‍ സൃഷ്ടിച്ച ഈ വിപ്ലവത്തിന്റെ തീച്ചൂടില്‍ നിന്ന് മാറി എന്ത് പൊള്ളലുകളാണ് പുതുകവിത ഉണ്ടാക്കിയിട്ടുള്ളത്? ആശാന്‍-ഉള്ളൂര്‍-വള്ളത്തോള്‍ പ്രതിഷ്ഠിച്ച സത്താസങ്കല്പങ്ങളെ ഉടച്ചുവാര്‍ത്ത ഈ കവിമാനികളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍തക്ക എന്ത് ശില്പമാണ് പുതുകവിതക്കൂട്ടം കൊത്തിവച്ചത്?
.എന്തുകൊണ്ട് പുതുകവിത ഇങ്ങനെ?
കടമ്മനിട്ട |
ചരിത്രസത്യങ്ങളും വര്‍ത്തമാനകാല പരിസ്ഥിതിയും പുതുകവിത എന്തുകൊണ്ട് കൂട്ടിവായിക്കുന്നില്ല. ഇതെഴുതുമ്പോള്‍ ഞാനോര്‍ക്കുന്ന ഒരു കാര്യം, തൃശ്ശൂരില്‍ വച്ച് നടന്ന ഒരു കവിതാചര്‍ച്ചയില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു ചോദ്യം വന്നപ്പോള്‍ ഒരു പുതുകവി ( പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല ) പറഞ്ഞത്, നമ്മളെന്തിന് ചരിത്രം പഠിക്കണം? ചരിത്രവും കവിതയും എന്തിന് കൂട്ടിവായിക്കണം? കവി എപ്പോഴും നൈരന്തര്യവര്ത്തമാനത്തെക്കുറി
അത്തരക്കാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ. നിങ്ങള്‍ കടമ്മനിട്ടയുടെ കുറത്തി വായിച്ചിട്ടുണ്ടോ? അവിടെ കാണാം ചരിത്രയാഥാര്‍ത്ഥ്യവും വര്‍ത്തമാനകാലപരിസ്ഥിതിയും തമ്മില്‍ ഏറ്റുമുട്ടുന്നതിലെ രസതന്ത്രവിജ്ഞാനം കവിതയിലെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത്. ആ രാസപ്രക്രിയയില്‍ വൈകാരികമായ ഒരു ചേര്‍ച്ച സൃഷ്ടിക്കുന്നത് പുതിയൊരു അനുനാദമാണ്.
സ്വന്തമായി ഒരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിലെ പരാജയം പുതുകവിത ഒരിക്കലും അംഗീകരിക്കാനിടയില്ല. അവര്‍ അന്തര്‍മുഖത്തില്‍ നിന്ന് വിടുതി സ്വീകരിക്കുകയല്ല. കാലക്രമേണ കൂടുതല്‍ അന്തര്‍മുഖരാവുകയാണ് ചെയ്യുന്നത്. ആധുനികതയുടെ വിഗ്രഹഭഞ്ജന എന്ന മുഖമുദ്രയും ഉത്തരാധുനികതയിലെ പ്രമേയവത്കരണത്തിലെ സവിശേഷതകളും മാറ്റി മലയാളകവിതയില്‍ പുതിയൊരു വഴി വെട്ടി എന്നതാണ് പുതുകവിതയുടെ കാഴ്ചപ്പാട് എന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടായിരിക്കും ആ തോന്നല്‍ നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സംഭവിച്ച അപചയമാണെന്ന് സ്വയം തെളിയിക്കുകയാണ് ചെയ്യുന്നത്. വിഗ്രഹഭഞ്ജനത്തെ തല്ലിക്കെടുത്തി എന്നതാണ് ഉത്തരാധുനികത നേടിയ ഏറ്റവും വലിയ നേട്ടമെങ്കില്‍ പുതുകവിത എന്താണ് കാവ്യലോകത്തില്‍ നേടിയിട്ടുള്ളത്, നവീനരീതിലുള്ള ഒരു കാവ്യാവബോധം സൃഷ്ടിക്കാന്‍ പുതുകവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ, മുന്‍കാല അപര്യാപ്തതകളില്‍ നിന്ന് അചുംബിതവും,സൗന്ദര്യാത്മകവുമായ ഒരു കാവ്യദര്‍ശനത്തെ ഊട്ടിയുറപ്പിക്കാനായോ എന്നൊക്കെ ചോദിച്ചാല്‍ യാതൊരു സങ്കോചവും കൂടാതെ ഇല്ല എന്ന് പറയുകയേ നിര്‍വ്വാഹമുള്ളൂ. ഇങ്ങനെ പോയാല്‍, "തൊണ്ണൂറിന്റെ അവസാനത്തില്‍ ആരംഭിച്ച് രണ്ടായിരത്തിന്റെ തുടക്കത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി രണ്ടായിരത്തിപ്പത്തുകളിലേക്ക് വഴികാട്ടിയ പുതുകവിത അതിന്റെ ചരിത്രപരമായ കടമ നിര്‍വ്വഹിച്ചശേഷം രണ്ടായിരത്തി ഇരുതിന് ശേഷമുള്ള വികാസത്തെ മുന്‍കൂട്ടിക്കാണുന്നതുമായ പുതുകവിതോത്തര കവിതയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്"2 എന്നൊരു ചരമക്കുറിപ്പ് അധികം താമസിയാതെ എഴുതേണ്ടിവരും.
അന്‍വര്‍ അലി |
1.പി.എന്‍.ഗോപീകൃഷ്ണന്റെ കവിതയുടെ ശീര്‍ഷകം
2.അയ്യപ്പപ്പണിക്കര്‍ ആധുനികതയെ നിര്‍വ്വചിച്ചത് മാറ്റിയെഴുതിയത്
3.വിഷയസ്വീകരണത്തിന് അന്‍വര്‍ അലിയോട് കടപ്പാട്
4.രണ്ടായിരത്തിന് ശേഷമുള്ള കവിതകളെയാണ് ഞാന്‍ പുതുകവിത എന്ന് വിശേഷിപ്പിക്കുന്നത്
''കവിയും'' കര കവിയും കവിതതന്‍ പുഴയില്‍..''.
ReplyDeleteസ്വന്തം വീക്ഷണങ്ങളില്‍ മാത്രമൊതുങ്ങി ഏതൊരു ''നേരിനെയും" പോസ്റ്റുമോര്‍ട്ടം നടത്താം.. ആര്‍ക്കും..സ്വയം നിഗമനങ്ങള്‍ ശരിയായിക്കൊള്ളനം എന്നില്ല... ഒരു പക്ഷെ , നാം കാണുന്ന സൂര്യനെയ്യല്ല മറ്റാരും കാണുന്നത്... ഇവിടെ വിനീതും ''ഫലമില്ലാത്ത'' കര്‍മ്മം ചെയ്യുന്നു..
യോജിക്കുന്നില്ല... ഞാന്‍ മാത്രമല്ല, ഒരു പക്ഷെ ഇവിടം നിശബ്ധരായ് വന്നു പോകുന്ന സമകാലിക സഹയാത്രികരും...
സര്‍വ്വ ഭാവുകങ്ങളും....